ഏകീകൃത സിവിൽ നിയമത്തിന്‍റെ പ്രസക്തിയും ആവശ്യകതയും

ഏകീകൃത സിവിൽ നിയമത്തെക്കുറിച്ചുള്ള ഏതൊരു ചർച്ചയും ആരംഭിക്കുന്നത് ഭരണഘടനയെ തൊട്ടുകൊണ്ടാണ്. ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നതുപോലെ “ഭാരതീയരായ നാം എല്ലാ പൗരന്മാരുടെയും പരസ്പ്പരമുള്ള സാഹോദര്യവും, അന്തസ്സും, രാഷ്ട്രത്തിന്‍റെ ഐക്യവും, അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ്”.

ഒരു രാഷ്ട്രം അധവാ ദേശത്തിന് അതിന്‍റെതായ സവിശേഷതകലുണ്ട്. വൈവിധ്യങ്ങളിൽ നിന്നും വേറിട്ടുനിക്കുന്ന ഒരു അസ്തിത്വത്തിലാണ് ഏതൊരു രാഷ്ട്രത്തിന്‍റെയും നിലനിൽപ്പ് എന്നത് ഒരു യാഥാർഥ്യമാണ്.ഒരു രാജ്യത്തിന്എക്കാലവും നിലനിൽക്കാൻ ആവശ്യമായിട്ടുള്ളത് ഒരൊറ്റ ജനതയും ഒരൊറ്റ നിയമവും ആണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്‍റെ അഖണ്ഡതക്ക് രാജ്യത്തെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ വിവേചനരഹിതമായി സാമാന്യജനതയ്ക്ക് പര്യാപ്തമാക്കിത്തീർക്കുന്നതിനുള്ള ധാർമ്മിക ബാദ്ധ്യത ഭരിക്കുന്ന സർക്കാരിൽ നിക്ഷിപ്തമാണ്.

ഭരണഘടനയുടെ 44 – כo അനുച്ഛേദത്തില്‍ പറയുന്നത് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരേപോലെയുള്ള നിയമം നടപ്പിൽ വരുത്തുവാൻ ഭരണകൂടം പരിശ്രമിക്കണം എന്നാണ്. വളരെ അർത്ഥവത്തായ “പരിശ്രമം” എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്, അതിനെ സംബന്ധിച്ചിടത്തോളം ആത്മാർത്ഥമായ പ്രയത്നം നടത്തണം എന്ന ഉദ്ദേശത്തോടെയാണ്.

ഭരണഘടന പ്രാബല്യത്തിൽ വരുന്നതിനു മുൻപ് വിവിധ വിഭാഗക്കാർക്ക് വ്യത്യസ്തമായ വിവാഹ – വിവാഹമോചന നിയമങ്ങൾ നിലനിന്നിരുന്നു. അവയെല്ലാം തന്നെ ഭരണഘടനയുടെ 372 – כo അനുച്ഛേദത്തിന്‍റെ പിൻബലത്തിൽ തുടരുകയും ചെയ്തു.എന്നാൽസാമൂഹിക സമത്വവും, തുല്യതയും നിലനിർത്തിക്കൊണ്ടുള്ളഒരുമതനിരപേക്ഷരാഷ്ട്രം എന്ന കാഴ്ചപ്പാടാണ് ഭരണഘടനയുടെ ഏറ്റവും പ്രാധാന്യമേറിയ കാതലായി നിലകൊള്ളുന്നത്.

14 – כo അനുച്ഛേദം ഏവർക്കും രാജ്യത്തിന്‍റെ നിയമത്തിനു മുൻപിൽ തുല്യത പ്രദാനം ചെയ്യുമ്പോൾ, മതത്തിന്‍റെയും, ലിംഗത്തിന്‍റെയും പേരിൽ വിവേചനം പാടില്ല എന്ന് 15 – כo അനുച്ഛേദം അനുശാസിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെന്ന് ഏവരും അംഗീകരിക്കുന്ന കാര്യങ്ങളാണ് ഇവരണ്ടും.

ഈ അവസരത്തിൽ ഭരണഘടനയുടെ 37, 44 അനുച്ഛേദങ്ങൾ 14ഉം 15ഉം അനുച്ഛേദങ്ങളോട് ചേർത്തുവായിക്കേണ്ടതാണ്. ഇവ ഏകീകൃത സിവിൽ നിയമം നടപ്പിലാക്കേണ്ട സാധ്യത ചൂണ്ടിക്കാണിക്കുന്നു. ഭരണനിർവ്വഹണത്തിന് അടിസ്ഥാനപരമെന്ന് ഭരണഘടനയുടെ 37 – כo അനുച്ഛേദത്തിൽ പറഞ്ഞ ഏകീകൃത സിവിൽ നിയമം നടപ്പിലാക്കേണ്ടത് സ്റ്റേറ്റിന്‍റെ കടമയാണ്.

ഭരണഘടനയുടെ 44 – כo അനുച്ഛേദം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കുമായി ഏകീകൃത സിവിൽ നിയമം  നടപ്പിലാക്കാൻ ശ്രമിക്കണം എന്ന് ഉദ്‌ഘോഷിക്കുന്നു. ഏകീകൃത സിവിൽ നിയമം നടപ്പിലാക്കണം എന്ന നിർദ്ദേശം സർക്കാരിന് സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും പല പല സന്ദർഭങ്ങളിൽ നിർദേശരൂപേണ നല്കിയിട്ടുള്ളതാണ്. എന്നാൽ അവയെല്ലാം ബധിരകർണ്ണങ്ങളിൽ പതിക്കുകമാത്രമാണ് ഉണ്ടായിട്ടുള്ളത്.

ഷാബാനു കേസ്, സരള മുഗ്ദൽ കേസ് തുടങ്ങിയവയിലെല്ലാം ഒരു ഏകീകൃത സിവിൽ നിയമത്തിന്‍റെ ആവശ്യകതയെപ്പറ്റി ഉന്നത നീതിപീഠം പ്രതിപാദിച്ചിരുന്നു. അതുപോലെതന്നെ S R ബൊമ്മയ് കേസിലും ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവം ആണ് നീതിപീഠം ചൂണ്ടിക്കാണിക്കുന്നത്.

എന്നാലിപ്പോൾ 44 – כo അനുച്ഛേദം നടപ്പിലാക്കുന്നതിനെ മതത്തിന്റെ പേരിൽ മുസ്ളീം മത മൗലികവാദികളും, വോട്ടുബാങ്കുരാഷ്ട്രീയം ലക്ഷ്യമിട്ട് കപട – മതേതര രാഷ്ട്രീയക്കാരും എതിർക്കുന്നു. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം തുടങ്ങിയ വിഷയങ്ങളിൽ സ്ത്രീകൾക്കുനേരെയുള്ള വിവേചനം ഇല്ലാതാക്കുക എന്നതാണ് ഏകീകൃത സിവിൽ നിയമത്തിന്‍റെ ലക്ഷ്യങ്ങളിൽ പ്രധാനം.

ബഹുഭാര്യാത്വം, പുരുഷൻ നടത്തുന്ന ഏകപക്ഷീയമായ വിവാഹമോചനം, സ്ത്രീകൾക്ക് തുല്യത നിഷേധിക്കൽ എന്നിവ നിയമ വിരുദ്ധമാകുമ്പോൾ,ഇവയെല്ലാം ശരീയത്തിൽ അനുശാസിക്കുന്നു എന്നും ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുക വഴി മുസ്ലീങ്ങളുടെ സാംസ്കാരികത്തനിമ തകരുമെന്നും ഏകീകൃത സിവിൽ നിയമത്തെ എതിർക്കുന്നവർ വാദിക്കുന്നു.

ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ സിവിൽ – ക്രിമിനൽ നിയമങ്ങൾ ഏകീകരിക്കുകയും വ്യക്തിനിയമങ്ങളുടെ അടിസ്ഥാനത്തിൽ പലതിലും മാറ്റം വരുത്തിയും, നിഷേധിച്ചും ജനങ്ങളെ ഏകീകരിക്കാനുള്ള ശ്രമങ്ങൾ വൻതോതിൽ നടക്കുകയുണ്ടായി. പ്രത്യേകിച്ച് ഇന്ത്യൻ ശിക്ഷാനിയമവും, ക്രിമിനൽ നടപടിക്രമവും നടപ്പിൽ വരുത്തിയപ്പോൾ ആ മേഖലയിൽ നിലനിന്നിരുന്ന ഇസ്ലമിക ക്രിമിനൽ നിയമങ്ങൾ റദ്ദുചെയ്യപ്പെട്ടു.തത്ഭലമായി മുസ്ലീങ്ങളുടെ സാംസ്കാരികത്തനിമക്ക് കോട്ടമൊന്നും തട്ടിയിട്ടില്ലെങ്കിൽ ഇപ്പോൾ വിവാഹം, വിവാഹമോചനം, അനന്തര സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിൽ ശരിയത്തേതര നിയമങ്ങൾ നടപ്പിലാക്കുമ്പോൾ അവരുടെ സാംസ്കാരികത്തനിമ നഷ്ടപ്പെടുന്നതെങ്ങനെ?

ലിംഗത്തിന്‍റെ അടിസ്ഥാനത്തിൽ മുസ്ലീം സ്ത്രീകൾക്കുനേരെയുള്ള വിവേചനമാണ് മുസ്ലീം വ്യക്തിനിയമത്തിലെ ചട്ടങ്ങളെങ്കിൽ മതത്തിന്‍റെ പേരിലുള്ള ഇത്തരം വിവേചനങ്ങൾ 372 – כo അനുച്ഛേദപ്രകാരം റദ്ദുചെയ്യപ്പെട്ടിട്ടുള്ള കാര്യം നാം വിസ്‌മരിച്ചുകൂടാ.

പ്രായപൂർത്തിയായ സ്ത്രീ – പുരുഷന്മാർക്ക് വംശീയവും, മതപരവും, ദേശീയവുമായ വേർതിരിവില്ലാതെ വിവാഹം ചെയ്യാവുന്നതാണ്. വിവാഹത്തിനും, വിവാഹമോചനത്തിനും അവർക്ക് തുല്യാധികാരം ഉണ്ടായിരിക്കുന്നതാണ്. അന്താരാഷ്ട്ര പൗരാവകാശ സമ്മേളനത്തിൽ ഇന്ത്യ കൂടെ ഒപ്പുവെച്ച രേഖയിൽ “വിവാഹത്തിനും, വിവാഹമോചനത്തിനും മതിയായ നടപടികൾ ഉറപ്പുവരുത്താനും, ഭാര്യാ – ഭർത്താക്കന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും സ്റ്റേറ്റ് ബാധ്യസ്ഥരാണ്” എന്ന് പറയുന്നു.

ആയതിനാല്‍, ഏക പൗരത്വവും, തുല്യ നീതിയും അടിസ്ഥാന പ്രമാണങ്ങളായി സ്വീകരിച്ച ഒരു ഭരണഘടനാ സംവിധാനത്തിനുകീഴിൽ എല്ലാ പൗരന്മാർക്കും ബാധകമായ ഒരു പൊതു നിയമം അനിവാര്യമാണ്. അത്തരത്തിലുള്ള ഒരു ഏകീകൃത സിവിൽ നിയമം നമ്മുടെ രാജ്യത്തിന്‍റെ തുടർന്നുള്ള ഐക്യത്തിനും അഖണ്ഡതക്കും അത്യന്താപേക്ഷികമാണ്.

ഭരണഘടന നിർവ്വചിച്ചിരിക്കുന്നത് മുഴുവൻ രാജ്യത്തിനും വേണ്ടിയാണ്. ആയതിനാൽ, 44 – כo അനുച്ഛേദം അടക്കമുള്ളവ അനുസരിക്കാനും സ്വീകരിക്കാനും നാം ഓരോ ഇന്ത്യക്കാരനും ബാധ്യസ്ഥനാണ്. അല്ലാതെ ഏകീകൃത സിവിൽ നിയമം എങ്ങനെയാവണം, അതെന്തിനുവേണ്ടി നടപ്പാക്കണം, ഏതെല്ലാം രീതിയിൽ അത് വ്യാഖ്യാനിക്കണം എന്ന് തീരുമാനിക്കേണ്ടത് ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികളോ, ജാതി – മത നേതാക്കന്മാരോ അല്ല. അതിന് ഭരണഘടനാപരമായ സ്ഥാപനങ്ങൾ നമുക്കുണ്ട്.

ദേശീയോത്ഗ്രഥനവും, മതനിരപേക്ഷതയും, ദേശീയ ഐക്യവും, തുല്യ നീതീ സങ്കൽപ്പവുമെല്ലാം നിലനിർത്താൻ ഏകീകൃത സിവിൽ നിയമം അത്യാവശ്യമാണ്. നമുക്ക് ഒരൊറ്റ രാഷ്ട്രമായി നിലനിൽക്കണമെങ്കിൽ, ഭരണഘടനയുടെ അന്തസ്സത്തയിൽപ്പെട്ട മതേതരത്വം ഉയർത്തിപ്പിടിക്കണമെങ്കിൽ ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുകയല്ലാതെ മറ്റുപോംവഴികളില്ല.

ആയതിനാൽ, എത്രയും വേഗം ഏകീകൃത സിവിൽ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരുത്തുവാൻ വേണ്ട നടപടികൾ നമ്മുടെ ഭരണാധികാരികൾ കൈക്കൊള്ളും എന്ന് പ്രത്യാശിക്കുന്നു.