കമ്മ്യൂണിസ്റ്റുകാരുടെ ദിവാസ്വപ്നം

കേരളവും ബംഗാളും എപ്പോളും കമ്മ്യൂണിസ്റ്റുപാർട്ടികളുടെ ശക്‌തികേന്ദ്രങ്ങൾ ആയിരുന്നു ഈ അടുത്തകാലം വരെ. എന്നാൽ ബംഗാൾ ഇന്ന് കമ്മ്യൂണിസ്റ്റുപാർട്ടികളെ കൈവിട്ടു. അൽപ്പമെങ്കിലും ശക്തി കമ്മ്യൂണിസ്റ്റുപാർട്ടികൾക്കുണ്ടെങ്കിൽ അതിന്നു കേരളത്തിൽ മാത്രം ആണ് (ത്രിപുര ഭരിക്കുന്നത് അവർ ആണ് എന്ന് വിസ്മരിക്കാതെ തന്നെ).

കേരളത്തിനും ബംഗാളിനും ത്രിപുരക്കും അപ്പുറം മറ്റു സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തി പ്രാപിക്കുക എന്നത് പൊതുവേ ഇടതുപക്ഷം എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുപാർട്ടികളുടെ ചിരകാലമോഹം ആണ്.

ഒരുകാലത്തു മഹാരാഷ്ട്രയിലെ വ്യാവസായ മേഖലകളിലും ബീഹാറിലും ഒക്കെത്തന്നെ നല്ല സ്വാധീനം ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റുപ്രസ്ഥാനം പേരിനുപോലും അവിടെയെങ്ങും കാണാൻ ഇല്ല.

പല പാർട്ടികോൺഗ്രെസ്സുകളും, പോളിറ്റ്ബ്യുറോ മീറ്റിങ്ങുകളും പല അടവുനയങ്ങളും സഖ്യകക്ഷി രാഷ്ട്രീയത്തിന്‍റെ സാധ്യതകളും ചർച്ച ചെയ്യുകയുണ്ടായി. എന്നാൽ ഒന്നും തന്നെ ഫലവത്തായില്ല.

അങ്ങനെ ആകെ മൊത്തം തകർന്നടിഞ്ഞ കമ്മ്യൂണിസ്റ്റുകാരുടെ മുന്നിലേക്ക്‌ തികച്ചും അവിചാരിതമായി ആണ് ഇളകിമറിയുന്ന ജെ.എൻ.യു ക്യാമ്പസ്സിൽ നിന്നും കനയ്യ കുമാർ കടന്നുവരുന്നത്.

കനയ്യ കുമാറിലെ, ഫാസിസത്തിനെതിരെ അലറി വിളിക്കുന്ന യുവത്വം ഇടതുപക്ഷ രാഷ്ട്രീയത്തിന് മുതൽക്കൂട്ടാകും എന്ന പ്രതീക്ഷയിൽ കുറച്ചുനാൾ കമ്മ്യൂണിസ്റ്റുപാർട്ടികൾ കനയ്യ കുമാറിന്‍റെ പുറകെ ആയിരുന്നു.

എന്തിനേറെപ്പറയണം നമ്മുടെ സ്വന്തം കേരളത്തിൽ പോലും കമ്മ്യൂണിസ്റ്റുപാർട്ടികളുടെ പല പരിപാടികളിലും കനയ്യ കുമാർ പങ്കെടുക്കുകയുണ്ടായി.

പക്ഷെ ഈ അടവുകൾ ഒന്നുംതന്നെ ഉത്തരേന്ത്യയിൽ വിലപ്പോയില്ല. അല്ലെങ്കിൽ തന്നെ സ്വാതന്ത്ര്യത്തിനായി ആയിരങ്ങൾ ജീവൻ ബലിനൽകിയ, ഓരോ സ്വാതന്ത്ര്യ ദിനവും ഉത്സവമായി ആഘോഷിക്കുന്ന ഉത്തരേന്ത്യയിലെ സാധാരണക്കാർക്ക് കനയ്യ കുമാരിൽ വിശ്വാസം പോരായിരുന്നു.

അല്ലെങ്കിൽത്തന്നെ ദേശസ്‌നേഹത്തിന്‍റെ മൂർത്തീഭാവം ഉൾക്കൊള്ളുന്ന അവർക്കു, അവർ ദേശദ്രോഹി എന്ന് വിശ്വസിക്കുന്ന, ഇന്ത്യൻ പാര്‍ലമെന്‍റ് ആക്രമത്തിലെ മുഖ്യ പ്രതിയെ തൂക്കിലേറ്റിയതിന്റെ വാർഷിക ദിനത്തിൽ ആസാദിക്കു വേണ്ടി ഭാരത സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയ കനയ്യ കുമാറിനെ എങ്ങനെ ഉൾക്കൊള്ളാൻ ആവും.

ഭഗത്‌സിങ് അല്ല അഫ്സൽ ഗുരു എന്ന് തിരിച്ചറിയാൻ കമ്മ്യൂണിസ്റ്റുപാർട്ടികൾ ഒരുപാട് വൈകിപ്പോയി. അതിന്‍റെ ഫലമായി, രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഒത്താശ ചെയ്യുന്നവരാണ് ഇടതു പക്ഷവും കമ്മ്യൂണിസ്റ്റുപാർട്ടികളും എന്ന രീതിയിൽ അവർ ചിത്രീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അതിന്‍റെ ഏറ്റവും ഉത്തമമായ തെളിവുകളാണ് 2017 – ലെ യു.പി നിയമസഭാതിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റുപാർട്ടികൾക്കു ലഭിച്ച 0.2% – വും ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ലഭിച്ച 58 (read it online: needs to be confirmed from the official records) വോട്ടുകളും. അതിന്റെ അലകൾ അധികം താമസിയാതെ ഇങ്ങു കേരളത്തിലും പ്രതീക്ഷിക്കാം.

വർഷങ്ങൾക്കുമുൻപ് കാൺപൂർ മണ്ഡലത്തിൽ നിന്നും അരിവാൾ-ചുറ്റിക-നക്ഷത്രം അടയാളത്തിൽ ജയിച്ചുകയറിയ സുഭാഷിണി അലി ഇന്നും ദീപ്തമായ ഒരോർമ്മയായി അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റുപാർട്ടികൾക്കു ഉത്തരേന്ത്യയിൽ ഒരു ഉയർത്തെഴുനേൽപ്പ്‌ ഇനിയൊരു ദിവാസ്വപ്‌നം മാത്രം.