അക്ഷയതൃതീയയും മഞ്ഞലോഹത്തിന്‍റെ കച്ചവടവും

അങ്ങനെ ആ സുദിനം ഒരിക്കൽക്കൂടെ വന്നെത്തി. സൗഭാഗ്യം തേടി അലയുന്ന പ്രബുദ്ധ കേരളത്തിലെ വിഡ്ഢികളായ മലയാളികളുടെ സ്വന്തം അക്ഷയതൃതീയ ദിനം.

അല്ല, എനിക്കൊരു സംശയം. മുപ്പത്തിമുക്കോടി ദൈവങ്ങൾ,എണ്ണിയാലും തീരാത്ത ഹൈന്ദവ ധർമ്മ പുസ്തകങ്ങൾ;ഇതിൽ ആരാണ്, എവിടെയാണ് ഇങ്ങനെ ഒരു ദിവസത്തെപ്പറ്റി, മഞ്ഞലോഹങ്ങൾ മേടിക്കുന്നതിനെപ്പറ്റി പറഞ്ഞിരിക്കുന്നത്? (അറിയാമെങ്കിൽ പറഞ്ഞു തരുക)

അപ്പോൾ, ഏതോ ഒരു ബിസിനസ്സ് ബുദ്ധിജീവിയുടെ തലയിൽ ഉദിച്ച ആശയം അല്ലെ നമ്മൾ മലയാളികൾ തൊണ്ട തൊടാതെ വിഴുങ്ങുന്നത്.

പണ്ടാരോ പറഞ്ഞതുപോലെ മുൻപ് തൃശ്ശൂർ പട്ടണത്തിൽ പൊട്ടിയ സ്വർണ്ണം വിലക്കാൻ ഇരുന്ന സ്വാമിക്ക് ഇന്ന് സ്വന്തമായി വിമാനങ്ങൾ വരെ ആയി. അതുപോലെ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ 140 ഷോറൂം വരെ തുറന്ന ജ്വല്ലറി ഗ്രൂപ്പും കേരളത്തിൽ ഉണ്ടായി.

ഇന്നേദിവസം വൃതമെടുത്തു ഭജനയിരിക്കുകയാണ് നാം യഥാർത്ഥത്തിൽ ചെയ്യേണ്ടത്. അല്ലാതെ മഞ്ഞലോഹങ്ങൾ വാങ്ങുകയോ കാണുകയോ ചെയ്യുകയല്ല വേണ്ടത്. ഇതിനാധാരമായി നാരായണബലാസുരാചാര്യൻ പറഞ്ഞതുകേൾക്കുക;

തൃതീയാ തിഥി വർജ്യം ഹി മേഷേ അർത്ഥേഷു സർവ്വത

ദർശനോപി മഹാപാപം രജത സ്വർണ്ണ ലോഹിതേ

ആയതിനാൽ, ഈ അക്ഷയതൃതീയ ദിനത്തിൽ സൗഭാഗ്യത്തിനായി നെട്ടോട്ടമോടുന്ന പ്രിയപ്പെട്ടവരേ, നല്ല ആരോഗ്യവും, ആയുസ്സും പിന്നെ ജോലി ചെയ്യാനുള്ള ഒരു മനസ്സും ഉണ്ടെങ്കിൽ സൗഭാഗ്യങ്ങൾ എല്ലാം തനിയെ നിങ്ങളിലേക്ക് എന്തിച്ചേരും. അല്ലാതെ ഈയൊരു ദിനം മഞ്ഞലോഹം മേടിച്ചു എന്നുപറഞ്ഞു ഒരു സൗഭാഗ്യവും നിങ്ങളെത്തേടിവരാൻ പോകുന്നില്ല.

സ്വർണ്ണം വാങ്ങണം ഇന്നേദിവസം എന്ന് വരുത്തിത്തീർത്ത് സ്വർണ്ണവ്യാപാരികളും പുതുതലമുറ ബാങ്കുകളും ആണ്. ചിന്തിക്കുക. അന്ധവിശ്വാസങ്ങളിൽ നിന്നും കപട പരസ്യപ്രചാരണങ്ങളിൽ നിന്നും മോചിതരാകുക.ഇനിയെങ്കിലും ഇത്തരത്തിലുള്ള മൂഢകർമ്മത്തിൽനിന്നും മാറി നിൽക്കുക.